തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തിത്വമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഫ്രാൻസിസ് പാപ്പ സ്റ്റഡീസർക്കിൾ സംഘടിപ്പിച്ച ഫ്രാൻസിസ് പാപ്പ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫ്രാൻസിസ് മാർപാപ്പയുടെ പാത പിന്തുടരുന്ന ലെയോ മാർപാപ്പക്കെതിരേയുള്ള ഡൊണാൾഡ് ട്രംപിന്റെ വിമർശനം അനുചിതമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
അവിശ്വാസിയായ താൻ പാപ്പയെ കാണാൻ രണ്ടുതവണ ശ്രമിച്ചെങ്കിലും കാലം അതിന് അനുവദിച്ചില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. വഴുതക്കാട് പോലീസ് ട്രെയിനിംഗ് കോളജിനു സമീപമുള്ള ഭാരത് ഭവനിലാണു പരിപാടി സംഘടിപ്പിച്ചത്.
തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മോൺ. ജി. ക്രിസ്തുദാസ് "പാപ്പാ സ്മൃതി' എന്ന പുസ് തകം പ്രകാശനം ചെയ്തു.
ഡോ. സജി ജോസഫ് എസ് ജെ, ജെ.എസ്. ശ്രീജ, ഫാ. ഷാജ്കുമാർ, ഡി.ജി അനിൽ ജോസ് എന്നിവർ പ്രസംഗിച്ചു. വൈകുന്നേരം നാലുമുതൽ പാപ്പയുടെ സ്മരണാർഥം പുസ്തക പ്രദർശനം, ചിത്രപ്രദർശനം, പുഷ്പാഞ്ജലി, നൃത്ത-സംഗീതാർച്ചന എന്നിവയും ഉണ്ടായിരുന്നു.